മാലിന്യ സംസ്കരണത്തിൽ പരാജയമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്

മീനങ്ങാടി: മാലിന്യ സംസ്കരണത്തിൽ പരാജയമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്‌. മീനങ്ങാടിയിലെ ജനങ്ങളുടെ പ്രധാന പ്രശ്നമായ മാലിന്യ സംസ്കരണത്തിൽ നോക്കുകുത്തിയായി മാറിയിരിക്കുകയാണ് നിലവിലെ പഞ്ചായത്ത് ഭരണസമിതി. മീനങ്ങാടി ടൗണിൽ അടക്കം മാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ച നിലയിലാണ് കാണുന്നത്. മാർക്കറ്റിലെ അറവ് മാലിന്യങ്ങൾ അടക്കം ശരിയായി സംസ്കരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ മൂക്ക് പൊത്തിയാണ് പരിസരവാസികൾ അതുവഴി കടന്നുപോകുന്നത്. പഞ്ചായത്തിന്റെ കീഴിലുള്ള മറ്റീരിയൽ കളക്ഷൻ ഫസിലിറ്റി (MCF) നിറഞ്ഞുകവിഞ്ഞിട്ടും, മാസങ്ങളായി മാലിന്യങ്ങൾ മാറ്റാത്തതും ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

പഞ്ചായത്തിന്റെ കീഴിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റിയതും മാലിന്യങ്ങൾ അലക്ഷ്യമായ രീതിയിൽ വെക്കുന്നതും മൂലം മാലിന്യ സംസ്കരണ കേന്ദ്രം തെരുവ് നായ്ക്കളുടെ ആവാസകേന്ദ്രമായി മാറി. നിലവിലെ യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കുമെന്ന് പറഞ്ഞത് മീങ്ങാടിയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയായിരുന്നുവെന്ന് ആണ് വിവിധ കോണുകളിൽ നിന്നുയരുന്ന ആരോപണം.

മാലിന്യമുക്തനവകേരളം പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് യു ഡി എഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം മീനങ്ങാടിയിൽ മാലിന്യസംസ്കരണം താളം തെറ്റിയിരിക്കുന്നത്.