തുരങ്കപാത തടസ്സപ്പെടുത്താൻ ഗൂഢനീക്കം?ഐ സി ബാലകൃഷ്ണന്റെ പ്രചരണത്തിൽ ബാദുഷ

വയനാടിന്റെ സ്വപ്ന വികസന പദ്ധതിയായ മേപ്പാടി-ആനക്കാം പൊയിൽ തുരങ്ക പാത അട്ടിമറിക്കാൻ നടന്ന ശ്രമങ്ങളിൽ കോൺഗ്രസിനെ കുരുക്കി ഐ സി ബാലകൃഷ്ണന്റെ പ്രചരണം.തുരങ്കപാത തടയണമെന്ന് സുപ്രീം കോടതിയിൽ ഹർജ്ജി നൽകിയ വയനാട്‌ പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റ്‌ ബാദുഷ ബത്തേരിയിലെ യു ഡി എഫ്‌ സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണന്റെ പരസ്യ പ്രചരണത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി.തുരങ്ക പാതയെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പരസ്യ പ്രതികരണം നടത്തിയിരുന്നു.ഇതിന്‌ പിന്നാലെ വയനാട്‌ പ്രകൃതി സംരക്ഷണ സമിതി കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായില്ല.സംസ്ഥാന സർക്കാർ എല്ലാ പാരിസ്ഥിതിക അനുമതികളും ലഭിച്ചതോടെ തുരങ്ക പാത പ്രവർത്തനവുമായി മുന്നോട്ട്‌ പോവുകയും ചെയ്തു.നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കമായി ആദ്യ ബ്ലാസ്റ്റിംഗ്‌ മുഖ്യമന്ത്രി നിർവ്വഹിക്കുകയും ചെയ്തു.എന്നാൽ അപ്രതീക്ഷിതമായാണ്‌ വീണ്ടും പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയെ സമീപിച്ചത്‌.ഇതിന്‌ പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് ആരോപണമുയർന്നിരുന്നു.ഇത്‌ വ്യക്തമാക്കുന്നതാണ്‌ ഐ സി ബാലകൃഷ്ണന്റെ പ്രചരണ ദൃശ്യങ്ങൾ.