കല്‍പ്പറ്റ: കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി പലകുറി ചര്‍ച്ച നടത്തിയിട്ടും ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായില്ല. മുട്ടില്‍ ഡിവിഷനുവേണ്ടി മുസ്‌ലിംലീഗ് ശാഠ്യം പിടിക്കുന്നതുമൂലം യുഡിഎഫ് സീറ്റ് വിഭജനവും പൂര്‍ത്തിയായില്ല.
ജില്ലാ പഞ്ചായത്തിലെ മുള്ളന്‍കൊല്ലി(പട്ടികവര്‍ഗം), കേണിച്ചിറ(ജനറല്‍), നൂല്‍പ്പുഴ(വനിത), അമ്പലവയല്‍(വനിത), തോമാട്ടുചാല്‍(ജനറല്‍), വൈത്തിരി(വനിത), പനമരം(പട്ടികവര്‍ഗ വനിത), എടവക(ജനറല്‍), തവിഞ്ഞാല്‍(വനിത), തിരുനെല്ലി(ജനറല്‍), മീനങ്ങാടി(ജനറല്‍) ഡിവിഷനുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തേണ്ടത്. ഇതില്‍ സിപിഎമ്മിനു വ്യക്തമായ മേല്‍ക്കൈയുള്ള തിരുനെല്ലി ഒഴികെ ഡിവിഷനുകളില്‍ സ്ഥാനാര്‍ഥിത്വമോഹവുമായി യുവജനങ്ങളടക്കം രണ്ടും മൂന്നും ആളുകളാണ് രംഗത്ത്. വിവിധ ഗ്രൂപ്പുകളെ പ്രതിനിധാനം ചെയ്യുന്ന ഇവരില്‍ പലര്‍ക്കുംവേണ്ടി ‘മുകളില്‍’നിന്നുള്ള സമ്മര്‍ദവും ശക്തമാണ്.
മുസ്‌ലിം ലീഗുമായുള്ള മുട്ടില്‍ ഡിവിഷന്‍ പ്രശ്‌നം പറഞ്ഞുതീര്‍ത്ത് കഴിഞ്ഞ 17ന് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനിരുന്നതാണ് കോണ്‍ഗ്രസ്. എന്നാല്‍ തര്‍ക്കങ്ങള്‍ ഒതുക്കാനും സ്ഥാനാര്‍ഥികളെ തീരുമാനിക്കാനും കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിക്കു കഴിഞ്ഞില്ല. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ്, എഐസിസി അംഗങ്ങളായ എന്‍.ഡി. അപ്പച്ചന്‍, പി.കെ. ജയലക്ഷ്മി, കെപിസിസി അംഗം പി.പി. ആലി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കോര്‍ കമ്മിറ്റി. ഈ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവരില്‍ ചിലരും സുരക്ഷിത ഡിവിഷനുകളില്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കുന്നവരാണ്.
ചൊവ്വാഴ്ച വൈകുന്നരം നടന്ന ചര്‍ച്ചയില്‍ മുട്ടില്‍(വനിത)ഡിവിഷനു പകരം തോമാട്ടുചാല്‍ നല്‍കി മുസ്‌ലിം ലീഗുമായുള്ള സീറ്റ് തര്‍ക്കം പരിഹരിക്കാനും സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ച രാവിലെ നടത്താനും തീരുമാനമായതാണ്. യുഡിഎഫിന് വിജയ സാധ്യതയുള്ള തോമാട്ടുചാല്‍ സീറ്റ് മുസ്‌ലിം ലീഗിനു നല്‍കാന്‍ കോര്‍ കമ്മിറ്റിയില്‍ ധാരണയായ വിവരം ചോര്‍ന്നതോടെ അവിടെ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു ജില്ലാ നേതാക്കള്‍ ഇടഞ്ഞു. ഇതിനു പിന്നാലെ വയനാട്ടില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം യുവജനങ്ങളെ തഴയുന്നുവെന്ന് പ്രമുഖ ചാനലുകളില്‍ വാര്‍ത്ത വന്നു. മുമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതിന്റെ ദൃശ്യങ്ങളടക്കം ഉപയോഗിച്ചായിരുന്നു ചാനല്‍ വാര്‍ത്തകള്‍. ഇതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെപിസിസി നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായി. സ്ഥാനാര്‍ഥി പ്രഖ്യാപനം ത്രിശങ്കുവിലായി. ഒരു വട്ടംകൂടി ചര്‍ച്ച നടത്തി യുവജന പ്രാതിനിധ്യം ഉറപ്പുവരുത്തിയും ലീഗുമായുള്ള വിഷയം പരിഹരിച്ചും നാളെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് കോണ്‍ഗ്രസ് പദ്ധതി. മുട്ടില്‍ ഡിവിഷന്‍ വേണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യത്തിന് കോണ്‍ഗ്രസ് വഴങ്ങുമെന്നാണ് സൂചന.
വെള്ളമുണ്ട(വനിത), തരുവണ(വനിത),മേപ്പാടി(ജനറല്‍), കണിയാമ്പറ്റ(പട്ടികജാതി), പടിഞ്ഞാറത്തറ(പട്ടികവര്‍ഗ വനിത)ഡിവിഷനുകളാണ് മുസ്‌ലിം ലീഗിനു നേരത്തേ അനുവദിച്ചത്. ഈ ഡിവിഷനുകളില്‍ യഥാക്രമം സല്‍മ മോയി, മുഫീദ തസ്‌നി, ടി. ഹംസ, എം. സുനില്‍കുമാര്‍, കമല രാമന്‍ എന്നിവരെ സ്ഥാനാര്‍ഥികളായി പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് കേരള കോണ്‍ഗ്രസിന് നല്‍കിവന്നിരുന്നതാണ് മീനങ്ങാടി ഡിവിഷന്‍. 17 ഡിവിഷന്‍ അടങ്ങുന്നതാണ് വയനാട് ജില്ലാ പഞ്ചായത്ത്. മുഴുവന്‍ ഡിവിഷനുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ ദിവസം പത്രികാസമര്‍പ്പണം നടത്തിയിരുന്നു. എന്‍ഡിഎ ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത്: സ്ഥാനാര്‍ഥികളെ തീരുമാനിക്കാനാകാതെ കോണ്‍ഗ്രസ്

