തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി: വയനാട്ടില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു

കൽപറ്റ: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സാലി ഇമ്മിനാണ്ടി, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ ഇറമ്പയില്‍ എന്നിവരാണ് രാജിവച്ചത്. പനമരം പഞ്ചായത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

ഒന്നാം വാര്‍ഡില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയെ നിശ്ചയച്ചിതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശത്രുവിനെ പോലെ കാണുന്ന വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നാണ് രാജിവച്ച നേതാക്കളുടെ ആക്ഷേപം. സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ മത്സരരംഗത്തിറക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

പഞ്ചായത്തുമായി ബന്ധപ്പെട്ട് എന്തുകാര്യം വരുമ്പോഴും കോണ്‍ഗ്രസുകാരെ തഴയുകയാണെന്ന് മുസ്തഫ ഇറമ്പയില്‍ ആരോപിച്ചു. റോഡ് വികസനത്തിന്റെ കാര്യത്തില്‍പ്പോലും കോണ്‍ഗ്രസുകാര്‍ താമസിക്കുന്ന പ്രദേശത്തെ ഒഴിവാക്കിയ അനുഭവമുണ്ട്. അതൃപ്തി മുന്‍പുതന്നെ കോണ്‍ഗ്രസ് നേതൃത്വത്തേയും ലീഗ് നേതൃത്വത്തേയും അറിയിച്ചതാണെന്നും നടപടിയുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ വൈകുന്നതിലും, ചില ഡിവിഷനുകൾ ഘടകകക്ഷികൾക്ക് നൽകുവാനുള്ള തീരുമാനങ്ങളിലും പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ കോൺഗ്രസ്സിൽ നിന്നും കൂടുതൽ രാജി ഉണ്ടാകുമെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നറിയുന്നു.