മീനങ്ങാടി: മത്സ്യ/മാംസ മാർക്കറ്റിനോടുള്ള പഞ്ചായത്ത് യു ഡി എഫ് ഭരണസമിതിയുടെ നിലപാടിനെതിരെ പ്രതിഷേധവുമായി മീനങ്ങാടിയിലെ ജനങ്ങൾ. തറക്കല്ലിട്ട് പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച മീനങ്ങാടിയിലെ മത്സ്യ/മാംസ മാർക്കറ്റ് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന UDF ഭരണസമിതി 5 വർഷമായിട്ടും നാളിതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നു.
മീനങ്ങാടിയിലെ പൊതുജനങ്ങളുടെ പ്രതീക്ഷയും സ്വപ്നവുമാണ് ഭരണസമിതി കെടുത്തി കളഞ്ഞതെന്നും അതിൻ്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നവർ മീനങ്ങാടി ടൗണിൽ പല ഭാഗങ്ങളിലായി മത്സ്യ മാംസ കച്ചവടം നടത്തുകയാണെന്നും വ്യാപാരികളും പ്രദേശവാസികളും പറയുന്നു.
ഏകീകരിച്ച വിലയല്ലാതെ പല സ്ഥലത്തും പലവിലയിലാണ് മത്സ്യവും മാംസവും വിൽക്കുന്നതെന്ന് പൊതുജനങ്ങൾ പറയുന്നു. പഞ്ചായത്തിലെ മത്സ്യ മാംസ വ്യാപാരികൾക്ക് കച്ചവടം ലഭിക്കാതെ കട കെണിയിലേക്ക് വീഴുന്ന അവസ്ഥയാണ് നിലവിലുള്ളത്.
നിലവിലെ മാർക്കറ്റ് ആകട്ടെ അതീവ പരിതാപകരമായ അവസ്ഥയിലും. ചെറിയ മഴ പോലും വലിയ ദുരിതമാണ് കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും സമ്മാനിക്കുന്നത്. സമീപ പ്രദേശങ്ങൾ കാട് വളർന്നതിനാൽ അവിടങ്ങളിൽ താവളമാക്കിയ തെരുവ് നായകളും മറ്റ് ഇഴജീവികളും മനുഷ്യർക്ക് ഭീക്ഷണി ഉയർത്തുന്നു. രാവിലെ സമീപപ്രദേശത്ത് മദ്രസാ പഠനം നടത്തുന്ന കുട്ടികളും സ്കൂൾ വിദ്യർത്ഥി വിദ്യാർത്ഥിനികളും പ്രഭാത സവാരിക്കാരും തൊഴിലിന് പോകുന്നവരും ഭയചികിതരായിട്ടാണ് യാത്ര ചെയ്യുന്നത്.
പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥകൊണ്ട് ഒരു കാലത്ത് ജില്ലയിലെ തന്നെ ഏറ്റവും വലിയ ചന്തയായിരുന്ന മീനങ്ങാടിയെ വികസന വളർച്ചയിൽ പിന്നോട്ട് അടിക്കുന്നത് അവസ്ഥയാണ് നിലവിലുള്ളത്. മീനങ്ങാടി മത്സ്യ മാംസ മാർക്കിൻ്റെ പുതിയ കെട്ടിടനിർമാണം എത്രയും വേഗം പൂർത്തീകരിച്ച് തുറന്നു കൊടുക്കണമെന്ന് വ്യാപാരികളും പൊതു ജനങ്ങളും അഭിപ്രായപ്പെടുന്നു.

