മീനങ്ങാടി: ജില്ലാ പഞ്ചായത്ത് മീനങ്ങാടി ഡിവിഷനിൽ യുഡിഎഫ്ന് രണ്ട് സ്ഥാനാർത്ഥികൾ. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ലിന്റോ കുര്യാക്കോസും കെ എസ് യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസും മീനങ്ങാടി ഡിവിഷനിൽ യു ഡി എഫിനായി മത്സരിക്കുന്നു. യുഡിഎഫിൽ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സീറ്റായ മീനങ്ങാടി ഡിവിഷനിൽ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയായാണ് ലിന്റോ പത്രിക സമർപ്പിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ കോൺഗ്രസ് ഗൗതം ഗോകുൽദാസിനെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. തുടർ ചർച്ചകളിൽ ലിന്റോ നാമനിർദ്ദേശ പത്രിക പിൻവലിക്കുമെന്ന് കരുതിയെങ്കിലും പത്രിക പിൻവലിച്ചിരുന്നില്ല. നിലവിൽ യുഡിഎഫിന്റെ ഭാഗമായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായി ഓട്ടോ ചിഹ്നത്തിൽ ലിന്റോയും, കോൺഗ്രസ് സ്ഥാനാർത്ഥിയായി ഗൗതവും മത്സരിക്കും.
മീനങ്ങാടി കോൺഗ്രസിലെ ദീർഘ നാളായുള്ള പടല പിണക്കത്തിന്റെയും ഗ്രൂപ്പ് കളിയുടെയും അവസാനത്തെ ഉദാഹരണമാണ് ഒരു സീറ്റിലേക്ക് രണ്ട് സ്ഥാനാർത്ഥികൾ. കോൺഗ്രസിലെ പ്രശ്നങ്ങൾ സീറ്റ് നിർണയത്തിനെ വരെ ബാധിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടായ ലിന്റോ കുര്യാക്കോസിന് വേണ്ടിയാണോ കെഎസ്യു ജില്ലാ പ്രസിഡന്റ് ഗൗതത്തിനു വേണ്ടിയാണോ പ്രവർത്തിക്കേണ്ടതെന്ന് ആശയ കുഴപ്പത്തിലാണ് മീനങ്ങാടിയിലെ കോൺഗ്രസ് പ്രവർത്തകർ.
യു ഡി എഫിന്റെ സംസ്ഥാന നേതൃത്വവുമായി സംസാരിച്ചതിന് പിന്നാലെ ലഭിച്ച പൂർണ്ണ പിന്തുണയുടെ പിൻബലത്തിലാണ് മത്സരത്തിൽ തുടരുന്നതെന്ന് ലിന്റോ കുര്യാക്കോസ് പറഞ്ഞു. എന്നാൽ എൽ ഡി എഫ് കോട്ടയായ മീനങ്ങാടിയിൽ മത്സരിക്കുന്നതിന് ജഷീർ പള്ളിവയലിനെയടക്കം ജില്ലാ കോൺഗ്രസ്സ് നേതൃത്വം സമീപിച്ചിരുന്നുവെങ്കിലും വിജയപ്രതീക്ഷയില്ലാത്തതിനാൽ പിന്മാറുകയായിരുന്നു. ജില്ലയിൽ പലസീറ്റുകളും പെയ്മെന്റ് സീറ്റ് ആണെന്ന ആരോപണം മുതിർന്ന കോൺഗ്രസ്സ് നേതാവ് ഗോകുല്ദാസ് ഇതിനിടയിൽ ഉയർത്തിയത് യു ഡി എഫിന് തിരിച്ചടിയായിരിക്കുകയാണ്.

