പൂട്ടിക്കിടക്കുന്ന വയോജന സൗഹൃദ കേന്ദ്രം ; അനാസ്ഥയുടെ നേർക്കാഴ്ച

മീനങ്ങാടി: പൂട്ടിക്കിടക്കുന്ന മീനങ്ങാടി ബസ് സ്റ്റാൻഡിലെ വയോജന സൗഹൃദ കേന്ദ്രം പഞ്ചായത്തിന്റെ അനാസ്ഥയുടെ നേർക്കാഴ്ചയാകുന്നു. മീനങ്ങാടി ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്ന വയോജനങ്ങൾക്ക് വിശ്രമിക്കാൻ വേണ്ടി നിർമ്മിച്ച വയോജന സൗഹൃദ കേന്ദ്രം മൂന്നുവർഷമായി പൂട്ടിക്കിടക്കുകയായിരുന്നു. രണ്ടുമാസം മുന്നേ വിവിധ സംഘടനകളുടെ പ്രതിഷേധം മൂലം വയോജന സൗഹൃദ കേന്ദ്രം പുനർ നിർമ്മിക്കാൻ തയ്യാറായെങ്കിലും പണി പൂർത്തീകരിച്ചില്ല.

കഴിഞ്ഞ മൂന്ന് വർഷം വയോജന സൗഹൃദ കേന്ദ്രം പൂട്ടിക്കിടന്നത് പഞ്ചായത്തിന്റെ അനാസ്ഥ കൊണ്ട് മാത്രമാണെന്ന് വിവിധ കോണുകളിൽ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്.
സർക്കാർ വിവിധ പദ്ധതികളിലൂടെ വയോജനക്ഷേമം ഉറപ്പുവരുത്തുന്നതിനിടയിലാണ് മീനങ്ങാടി പഞ്ചായത്തിന്റെ ഈ അനാസ്ഥ.


2020ൽ യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വരുമ്പോൾ വയോജനങ്ങൾക്ക് പ്രത്യേക പദ്ധതികൾ, ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾക്ക് വയോജന പാക്കേജുകൾ, കിടപ്പ് രോഗികളെ പരിരക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാ രോഗികൾക്കും ഭക്ഷ്യ കിറ്റുകൾ, കമ്പിളി പുതപ്പുകൾ, കട്ടിൽ എന്നിവ വിതരണം ചെയ്യുമെന്നും വയോജനങ്ങൾക്ക് അത്യാധുനിക സൗകര്യങ്ങളോടുള്ള വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുമെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരുവിധത്തിലുള്ള പദ്ധതികളും നടപ്പിലാക്കിയില്ലയെന്ന ആക്ഷേപവും മീനങ്ങാടിയിലെ വയോജനങ്ങൾ ഉയർത്തുന്നുണ്ട്.